Follow Us On

സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ടതോടെ ചക്കയുടെ വിപണന മൂല്യം ഉയര്‍ന്നു.

Vasthavam news desk - 24/03/2018

 
 
 തൊടുപുഴ : സംസ്ഥാന ഫലമായി പ്രഖ്യാപിക്കപ്പെട്ടതോടെ ചക്കയുടെ വിപണന മൂല്യം ഉയര്‍ന്നു. ചക്കയുടെ വിപണി മൂല്യം തിരിച്ചറിഞ്ഞ് ചക്കയില്‍ നിന്നും കോടിക്കണക്കിനു രൂപയുടെ നേട്ടം കൊയ്തത് തമിഴ്‌നാടു പോലെയുള്ള അന്യസംസ്ഥാനക്കാരാണ്. ഇടുക്കി പോലെ ചക്ക വ്യാപകമായി വിളയുന്ന മേഖലകളില്‍ നിന്നും ഓരോ സീസണിലും ടണ്‍ കണക്കിനു ചക്കയാണ് തമിഴ്‌നാട്ടിലേക്കു അതിര്‍ത്തി കടന്നു പോയത്. ഇന്ത്യയില്‍ തമിഴ്‌നാടിനു പുറമെ കര്‍ണാടക, ആന്ധ്ര, തുടങ്ങി മഹാരാഷ്ട വരെ ഇപ്പോള്‍ വന്‍തോതില്‍ ചക്ക കടന്നു പോകുന്നുണ്ട്. ഭക്ഷ്യവസ്തുവായതിനാല്‍ നികുതിയടക്കേണ്ടതുമില്ല.   കേരളത്തില്‍ ചക്ക മുല്യവര്‍ധിത ഉല്‍പന്നമാക്കി മാറ്റുന്നതിനുള്ള യൂണിറ്റുകളുടെ അഭാവവും ഇതിനായി മൂലധനം നിക്ഷേപിക്കുന്നതിനുള്ള മടിയുമാണ് സംസ്ഥാനത്തെ ചക്കയില്‍ നിന്നും അന്യ സംസ്ഥാനക്കാര്‍ ലാഭം കൊയ്യാന്‍ കാരണം. ചക്ക വിളയുന്ന കാലമായാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാര്‍ തൊഴിലാളികളുമായെത്തി ക്യാമ്പടിച്ചാണ് ചക്ക പ്ലാവില്‍ നിന്നും തന്നെ വിലയ്ക്കു വാങ്ങുന്നത്. തൊഴിലാളികളെ ഉപയോഗിച്ച് പ്ലാവില്‍ നിന്നും ചക്ക പറിച്ച് വാഹനങ്ങളില്‍ കയറ്റി കൊണ്ടു പോകുന്നു. പ്ലാവില്‍ നിന്നും ചക്ക ചതയാതെ കയറില്‍ കെട്ടിയിറക്കുകയാണ് ചെയ്യുന്നത്. വരിക്കച്ചക്കയാണെങ്കില്‍ അല്‍പം വില കൂടുതല്‍ ലഭിക്കും. കൂഴച്ചക്കയാണെങ്കില്‍ തുച്ഛമായ വിലമാത്രം. ചക്കയുമായി അതിര്‍ത്തി കടക്കുന്ന കച്ചവടക്കാരന് അവിടെ ലഭിക്കുന്നത് പൊന്നും വിലയാണ്. നല്ല പഴുത്ത വരിക്കച്ചക്കയ്ക്ക് മുന്‍കാലത്ത് 500 രൂപ വരെ വില ലഭിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ 1000 രൂപയില്‍ കൂടുതല്‍ വില ലഭിക്കും. ഇടുക്കിയില്‍ നിന്നും മറ്റും വന്‍തോതില്‍ ചക്ക കയറിപ്പോകാന്‍ കാരണങ്ങളിലൊന്ന് ഇവയുടെ വലിയ ലഭ്യതയുമായിരുന്നു. സീസണായ ഫെബ്രുവരി മുതല്‍ നാലുമാസത്തോളം ചക്ക വ്യാപകമായ തോതില്‍ ഉത്പ്പാദിപ്പിക്കപ്പെടും. ഭക്ഷ്യവസ്തുവെന്ന നിലയില്‍ ഏറ്റവും പിന്നോക്ക നിരയിലായിരുന്നു ചക്കയുടെ സ്ഥാനം. ഒരു കാലത്ത് ചക്കയെ മലിന വസ്തുവെന്ന ഗണത്തിലേക്കു മലയാളി തള്ളിയിരുന്നതു ഇതു മൂലമായിരുന്നു. ചക്ക പഴുത്ത് പുരയിടങ്ങളിലും നടപ്പാതകളിലും വീണ് ഈച്ചയാര്‍ത്തു കിടക്കുന്ന ഒരു മലിന വസ്തു. എന്നാല്‍ ചക്കയില്‍ നിന്നുള്ള ലാഭം മനസിലാക്കിയ തമിഴ്‌നാട്ടുകാര്‍ ചക്കയും ചക്കക്കുരുവും അതിര്‍ത്തി കടത്തി വിപണികളിലെത്തിച്ച് ഒരു സീസണില്‍ ലക്ഷങ്ങളാണ് നേട്ടം കൊയ്തിരുന്നത്. ഇപ്പോള്‍ ചക്ക കേടു കൂടാതെയിരിക്കാനും പലപ്പോഴായി ഉപയോഗിക്കാനുമായി ഡ്രൈഫ്രൂട്ട്‌സിന്റെ രൂപത്തിലേക്കു മാറ്റിയും ജില്ലയില്‍ നിന്നും ചക്ക കൊണ്ടു പോകുന്നുണ്ട്. ചക്ക അരിഞ്ഞ് ഡ്രയറില്‍ ഉണക്കി പാക്കറ്റില്‍ ആക്കി നല്‍കുന്ന യൂണിറ്റുകള്‍ ജില്ലയില്‍ ചിലയിടങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു. ചക്ക ഉണങ്ങി ഒരു മണിക്കൂര്‍ വെള്ളത്തിലിട്ടാല്‍ സാധാരണ ചക്ക പോലെ ഉപയോഗിക്കാം. മറ്റു സംസ്ഥാനങ്ങള്‍ക്കു പുറമെ കേരളത്തിലെ വന്‍കിട നഗരങ്ങളിലേക്കും ഇത്തരത്തില്‍ ചക്ക രൂപഭേദം വരുത്തി വിപണിയിലെത്തുന്നുണ്ട്. എന്തായാലും ചക്ക വലുപ്പത്തിലെന്നതിനു പുറമെ സംസ്ഥാന ഫലമെന്ന അംഗീകാരം കൂടി ലഭിച്ചതോടെ ഇപ്പോള്‍ വില്‍പ്പന വീണ്ടും സജീവമായി. നഗരങ്ങളിലൂടെ ചക്ക കയറ്റിയ വാഹനങ്ങള്‍ അതിര്‍ത്തി കടന്നു നീങ്ങിത്തുടങ്ങി. ചെറുവാഹനങ്ങളില്‍ ചില കേന്ദ്രങ്ങളിലെത്തിച്ച് ലോറികളില്‍ മറ്റു സംസ്ഥാനങ്ങളിലേക്കു കൊണ്ടു പോകുകയാണ് പതിവ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ