Follow Us On

ഉത്രാളിക്കാവില്‍ വെടിക്കെട്ടിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി മത്സരവെടിക്കെട്ടിന് സാധ്യതയില്ല പറപുറപ്പാട് ദിവസത്തെ വെടിക്കെട്ട് ഒഴിവാക്കും

Vasthavam news desk - 05/02/2018

 
 
വടക്കാഞ്ചേരി : ഉത്രാളി തട്ടകം ആഹ്ലാദാവേശത്തിലാണ്. ജില്ലാ കളക്ടര്‍ ഡോ. എ. കൗശികന്‍ ഉത്രാളിക്കാവിലെത്തി മാഗസിന്‍ നിര്‍മാണസ്ഥലവും വെടിക്കെട്ട് നടത്തുന്ന സ്ഥലവും പരിശോധിച്ചതിനു പിന്നാലെ ശനിയാഴ്ച ഉത്രാളിപ്പാടത്ത് താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ ഡിജിറ്റല്‍ സര്‍വേ തുടങ്ങി. വെടിക്കെട്ട് നടത്തുന്ന സ്ഥലത്തിന്റെ സ്‌കെച്ച് താലൂക്ക് സര്‍വേ വിഭാഗം തയ്യാറാക്കി കളക്ടര്‍ക്ക് സമര്‍പ്പിക്കും. വടക്കാഞ്ചേരി, കുമരനെല്ലൂര്‍, എങ്കക്കാട് വിഭാഗങ്ങള്‍ വെടിക്കെട്ട് നടത്തിവന്ന സ്ഥലത്തെ സുരക്ഷിതമായ ഭാഗമാണ് സര്‍വേ ചെയ്യുന്നത്. ഡിവൈ.എസ്.പി. പി. വിശ്വംഭരന്‍ പൂരക്കമ്മിറ്റികളോട് വ്യക്തമാക്കിയത് സുരക്ഷയ്ക്കാണ് ഒന്നാമത്തെ പ്രാധാന്യം എന്നാണ്. ഈ നിര്‍ദേശം പൂരക്കമ്മിറ്റികളും ഉള്‍ക്കൊണ്ടിട്ടുണ്ട്. മൂന്ന് വിഭാഗക്കാരും സംയുക്തമായി വാങ്ങിയ 38 സെന്റില്‍ മാഗസിന്‍ നിര്‍മാണത്തിനുള്ള പരിശോധനകള്‍ പൂര്‍ത്തീകരിച്ചു. ചെന്നൈയിലെ എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ അനുമതി രണ്ടുദിവസത്തിനകം ലഭിക്കും. മാഗസിന്‍ നിര്‍മാണവും മൂന്ന് വിഭാഗക്കാരും ഒന്നിച്ചാണ്. കാസര്‍കോട്ടുള്ള കരാറുകാരനെയാണ് മൂന്ന് വിഭാഗവും വെടിക്കെട്ട് ചുമതല ഏല്പിച്ചിട്ടുള്ളത്. മൂന്ന് വിഭാഗങ്ങള്‍ക്കും കൂടി മൊത്തം ആറായിരം കിലോ കത്തിക്കാം. ഒരു കരാറുകാരനായതിനാല്‍ ഒന്നിച്ച് ഒരുദിവസം വെടിക്കെട്ട് നടത്താന്‍ അനുമതി കിട്ടില്ല. ഈ സാഹചര്യത്തില്‍ മത്സരവെടിക്കെട്ടിനുള്ള സാധ്യതയില്ല. മുന്‍കാലങ്ങളിലേതുപോലെ പറപുറപ്പാടിന് ശേഷമുള്ള വെടിക്കെട്ട് ഒഴിവാക്കുന്ന കാര്യത്തില്‍ ധാരണയിലെത്തിയിട്ടുണ്ട്. സാധാരണ സാമ്പിള്‍ വെടിക്കെട്ട് നടത്തുന്ന പൂരത്തിന് മുന്നെയുള്ള ഞായറാഴ്ച -ഫെബ്രുവരി 25-ന് ആദ്യ വെടിക്കെട്ടും പൂരം ദിവസം 27-ന് രാത്രിയും 28-ന് പുലര്‍ച്ചെയും ആയി മൂന്ന് വെടിക്കെട്ട് എന്ന കാര്യത്തില്‍ മൂന്ന് ദേശക്കാരും ആലോചന സജീവമാക്കിയിട്ടുണ്ട്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വാസ്തവത്തിന്റെ അഭിപ്രായമല്ല
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ക്ലിക്ക് ചെയൂ